FAQ

Frequently Asked Questions and their Solutions
സംശയങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും

1. റീസര്‍വെ ചെയ്യുന്നത് എന്തിനാണ് ?

കേരളാ സംസ്ഥാന രൂപീകരണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തയ്യാറാക്കപ്പെട്ടിരുന്ന സർവ്വെ റിക്കാർഡുകളിൽ ഭൂമിയുടെ ക്രയ വിക്രയങ്ങള്‍ മൂലം പിന്നീട് ഭൂമിയിലുണ്ടായ മാറ്റങ്ങള്‍ സര്‍വെ റിക്കാര്‍ഡില്‍ ഉള്‍പ്പെട്ട് വരാത്തതിനാല്‍ തന്നെ സർവ്വെ റിക്കാർ‍ഡുകളും ഭൂസ്ഥിതിയും തമ്മിൽ വളരെയേറെ വ്യത്യാസങ്ങൾ ഉണ്ടായതിനാലും പല റിക്കാർഡുകളും കാലഹരണപ്പെട്ടു പോയതിനാലും, റിക്കാർഡുകൾ നിലവിലെ റവന്യൂ ഭരണത്തിന് പര്യാപ്തമല്ലാത്തതിനാലും ഭൂവുടമകൾ തമ്മിലുളള അതിർത്തി, അവകാശ തർക്കങ്ങൾ നീതിയുക്തമായി പരിഹരിക്കുന്നതിന് സംസ്ഥാനത്ത് പുതിയൊരു സർവ്വെ ആവശ്യമായിവന്നു. 1964 മുതല്‍ ആരംഭിച്ച ടി സര്‍വെ പ്രവര്‍ത്തനങ്ങളെ റീസര്‍വെ എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളുടെയും നാളതീകരിച്ച (പുതുക്കിയ) സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനാണ് റീസര്‍വെയിലൂടെ സര്‍വെയും ഭൂരേഖയും വകുപ്പ് ലക്ഷ്യമിടുന്നത്.

2. റീ - സർവ്വെ കൊണ്ടുള്ള പ്രയോജനങ്ങൾ എന്താണ് ?
  • സംസ്ഥാനത്തുള്ള ഓരോ കൈവശ ഭൂമിയുടെ സ്ഥാനം, അതിർത്തി നിര്‍ണ്ണയം, വിസ്തീർണ്ണം എന്നിവ നിർണ്ണയിക്കുന്നതിന് സാധിക്കുന്നു.
  • സ്വകാര്യ വസ്തുക്കളുടെ അതിർത്തി തിരിച്ച് സ്ഥിരമായ സർവ്വെ അടയാളങ്ങൾ സ്ഥാപിച്ച് അതിനനുസരണമായി സർവ്വെ ചെയ്ത് റിക്കാർഡ്  തയ്യാറാക്കി സൂക്ഷിക്കുന്നതിനാൽ, ഭൂവുടമകളുടെ അതിർത്തി തർക്കങ്ങൾ നീതിയുക്തമായി പരിഹരിക്കുന്നതിന് സാധിക്കുന്നു.
  • വിസ്തീർണ്ണത്തിന് അനുസരണമായി നികുതി ഈടാക്കുന്നതിന് സാധിക്കുന്നു.
  • സർക്കാർ അധീനതയിലുള്ള ഭൂമികൾ പ്രത്യേകമായി തിരിച്ച് സർവ്വെ ചെയ്ത് റിക്കാർഡുകൾ തയ്യാറാക്കുന്നതിനാൽ അനധികൃത കയ്യേറ്റങ്ങളിൽ നിന്നും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് സാധിക്കുന്നു.
  • പട്ടയം നൽകുന്നതുൾപ്പെടെയുളള വിവിധ സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് സാധിക്കുന്നു.
  • ഭൂരഹിതരില്ലാത്ത കേരളം പോലുള്ള സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രകാരം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് സാധിക്കുന്നു.
  • അഡ്മിനിസ്ട്രേറ്റീവ്  ബൗണ്ടറികള്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കുള്ള മാപ്പുകള്‍ കൃത്യമായി  തയ്യാറാക്കുവാന്‍ സാധിക്കുന്നു.
  • കൃത്യമായ ഭൂരേഖകളെ അടിസ്ഥാനമാക്കി റവന്യൂ ഭരണം സുഗമമാക്കുന്നു.
3. റീസര്‍വെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്ക് എന്താണ് ?

റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്.  റീസർവെ ചെയ്യുന്ന വില്ലേജുകളിലെ ഭൂവുടമസ്ഥര്‍ക്ക് റീസര്‍വെയുടെ പ്രാധാന്യത്തെ സംബന്ധിച്ചും റീസര്‍വ്വെയിലൂടെ തങ്ങളുടെ ഭൂമിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ രേഖകളില്‍ പുതുക്കി പരിപാലിക്കുകയാണ് എന്ന അവബോധം ഇല്ലാത്തതിനാലും മതിയായ സഹകരണം പലപ്പോഴും റീസര്‍വെ പ്രവർത്തനങ്ങളിൽ ലഭിക്കാറില്ല.

മതിയായ പരസ്യം നൽകിയാണ് ഓരോ വില്ലേജിലേയും റീസർവ്വെ ആരംഭിക്കുന്നത്.   റീസർവെ സമയത്ത് തങ്ങളുടെ ഭൂമി സംബന്ധിച്ച അവകാശരേഖകള്‍ ഉദ്യോഗസ്ഥർക്ക് കൃത്യമായി പരിശോധനയ്ക്ക് നല്‍കുവാനോ, സ്ഥലത്തിന്റെ കൈവശാതിർത്തി കൃത്യമായി ചൂണ്ടിക്കാട്ടാനോ, പരസ്പരം അതിർത്തി തർക്കങ്ങൾ രമ്യമായി പരിഹരിച്ച് അതിർത്തി പുന:സ്ഥാപിക്കാനോ ഭൂവുടമകൾ താൽപര്യം കാണിക്കാറില്ല. അതുകൊണ്ടുതന്നെ റീസര്‍വെ റിക്കാര്‍ഡില്‍ ടി ഭൂവുടമകളുടെ വിവരം ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വരികയും  റീസർവെയ്ക്ക് മുമ്പ് കരമടച്ചിരുന്ന ഭൂവുടമകള്‍ക്ക് റീസര്‍വെയ്ക്ക് ശേഷം കരം അടയ്ക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. റീസർവെയില്‍ ശരിയായ പേരുവിവരങ്ങൾ ചേർത്ത് റിക്കാർഡുകൾ തയ്യാറാക്കിയില്ലായെങ്കിൽ ഭാവിയിൽ ഭൂമി സംബന്ധമായ എല്ലാ ഇടപാടുകൾക്കും ബുദ്ധിമുട്ടുണ്ടാകും. ആയതിനാല്‍ ഭൂവുടമകള്‍ ചുവടെ ചേര്‍ക്കും പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നത്, കുറ്റമറ്റ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സഹായകമാകും.

  • ഓരോ ഭൂവുടമകളുടെയും കൈവശ ഭൂമിയുടെ അതിർത്തികൾ വ്യക്തമായി സ്ഥാപിച്ച് റീസര്‍വെ സമയത്ത് സര്‍വെ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തണം.
  • വസ്തു സംബന്ധമായ  അവകാശ രേഖകള്‍ (ആധാരം, പട്ടയം, പട്ടയസ്കെച്ച് മുതലായവ) ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് നല്‍കണം.
  • സർവെ ഉദ്യോഗസ്ഥർക്ക് വസ്തുവിനെ സംബന്ധിക്കുന്ന ആവശ്യമായ വിവരങ്ങൾ നൽകണം.
  • കൈവശ ഭൂമിയുടെ അതിർത്തിയിൽ സർവെ അടയാളങ്ങള്‍ സ്ഥാപിക്കുന്നതിന് സഹകരിക്കണം.
  • റീസര്‍വെ പൂര്‍ത്തീകരണത്തിന് മുന്നോടിയായി സര്‍വെ റിക്കാർഡുകൾ (കരട്) പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെടുന്നതിനും അപാകതയുള്ള പക്ഷം അവ പരിഹരിക്കുന്നതിനും നിശ്ചിത സമയപരിധിക്കുള്ളില്‍ നല്‍കുന്ന അവസരങ്ങള്‍ വസ്തു ഉടമസ്ഥർ പ്രയോജന പ്പെടുത്തേണ്ടതാണ്.
4. എന്താണ് ഡിജിറ്റല്‍ സര്‍വെ ?

വകുപ്പില്‍ നിന്ന് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആധുനിക വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കുന്നതിനായി  ഭൂവിവര വ്യവസ്ഥ (GIS) അടിസ്ഥാനപ്പെടുത്തി നടപ്പിലാക്കുന്ന നൂതന ഭൂസര്‍വെ പ്രവര്‍ത്തനങ്ങളാണ് ഡിജിറ്റല്‍ സര്‍വെ. നിലവില്‍ സര്‍വെയും ഭൂരേഖയും വകുപ്പിന്റെ കീഴിലുള്ള എല്ലാവിധ സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്കും ഡിജിറ്റല്‍ സര്‍വെ രീതിയാണ് അവലംബിച്ച് വരുന്നത്. ഇതു മൂലം വേഗത്തിലും സുതാര്യമായും കൃത്യതയോടുമുള്ള റിക്കാര്‍ഡുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്നതാണ്. ഇതര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇത്തരം ഡിജിറ്റല്‍ മാപ്പുകള്‍ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

5. റീസര്‍വെ റിക്കാര്‍ഡുകളില്‍ തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്നതിന് നിലവിലുള്ള സംവിധാനം എന്താണ് ?

ഒരു വില്ലേജിലെ റീസര്‍വെ ചെയ്യുന്ന സമയത്ത് തന്നെ ടി വില്ലേജിലെ ഭൂവുടമകള്‍ക്ക് ഭൂമിയെ സംബന്ധിച്ചുള്ള പരാതികളും അതിര്‍ത്തി തര്‍ക്കങ്ങളും പരിഹരിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട സര്‍വെ സൂപ്രണ്ടിന് പരാതി നല്‍കാവുന്നതാണ്. ഇതിനെ അസ്സല്‍ ഭുപരാതി (OLC–Original Land Complaints) എന്ന് പറയുന്നു. ഇപ്രകാരം ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നീതിയുക്തമായി തീരുമാനമെടുത്ത് അപേക്ഷകനെ അറിയിക്കുന്നതാണ്.  

ഒരു വില്ലേജിലെ റീസര്‍വെ പൂര്‍ത്തിയായതിന് ശേഷം റീസര്‍വെയുടെ പ്രാഥമിക വിജ്ഞാപനമായ സര്‍വെ അതിരടയാള നിയമത്തിലെ സെക്ഷന്‍ 9(2) പ്രസിദ്ധീകരിച്ച് ഒരു മാസം റീസര്‍വെ റിക്കാര്‍ഡുകള്‍ ബന്ധപ്പെട്ട വില്ലേജില്‍ വസ്തു ഉടമസ്ഥര്‍ക്ക് പരിശോധനയ്ക്കായി പ്രദര്‍ശനത്തിന് വയ്ക്കുന്നു. ടി കാലയളവില്‍ വസ്തു ഉടമസ്ഥര്‍ക്ക് റീസര്‍വെ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ തങ്ങളുടെ വസ്തുവിന്റെ റീസര്‍വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാവുന്നതും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ബന്ധപ്പെട്ട റീസര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നിശ്ചിത ഫാറത്തില്‍ പരാതി സമര്‍പ്പിക്കാവുന്നതുമാണ്. ഇതിനെ അപ്പീല്‍ ഭൂപരാതി (ALC–Appeal Land Complaints) എന്ന് പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് നീതിയുക്തമായി തീരുമാനമെടുത്ത് അപേക്ഷകനെ അറിയിക്കുന്നതാണ്. ഇത്തരത്തില്‍ വരുന്ന മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കുന്ന റീസര്‍വെ റിക്കാര്‍ഡുകളാണ് അന്തിമ വിജ്ഞാപനമായ സെക്ഷന്‍ 13 പ്രസിദ്ധീകരിച്ച് കൊണ്ട് റവന്യു ഭരണത്തിന് വില്ലേജുകളിലേയ്ക്ക് കൈമാറുന്നത്.

റീസര്‍വെ റിക്കാര്‍ഡുകള്‍ റവന്യു ഭരണത്തിന് വില്ലേജുകളിലേയ്ക്ക് കൈമാറിയതിന് ശേഷവും റിക്കാര്‍ഡില്‍ എന്തെങ്കിലും തിരുത്തലുകളോ മാറ്റങ്ങളോ ആവശ്യമുള്ള പക്ഷം ഭൂവുടമസ്ഥര്‍ക്ക് ബന്ധപ്പെട്ട താലൂക്കിലെ ഭൂരേഖ തഹസീല്‍ദാര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിച്ച് പരിഹാരം കാണാവുന്നതാണ്.

6. സർവെ റിക്കാർഡുകൾ ലഭിക്കുന്ന കാര്യാലയങ്ങള്‍ ഏതെല്ലാമാണ് ?
റീസർവെ പൂർത്തിയാക്കിയ വില്ലേജുകളുടെ റിക്കാര്‍ഡുകള്‍ തിരുവനന്തപുരം സെൻട്രൽ സർവെ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ബന്ധപ്പെട്ട താലൂക്കാഫീസ്, വില്ലേജാഫീസ് എന്നിവടങ്ങളില്‍ നിന്ന് അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ നൽകി നിശ്ചിത ഫീസടച്ച് കൈപ്പറ്റാവുന്നതാണ്. കൂടാതെ ലഭ്യമായ മുന്‍ സര്‍വെ റിക്കാര്‍ഡുകള്‍ സെൻട്രൽ സർവെ ഓഫീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ഇതേ രീതിയില്‍ ലഭിക്കുന്നതാണ്.
7. സര്‍വെ വകുപ്പില്‍ നടന്നു വരുന്ന ആധുനിക സർവെ പ്രവർത്തനങ്ങൾ എന്തെല്ലാമാണ് ?

ശാസ്ത്രീയമായ സര്‍വെ രീതികള്‍ ആരംഭിച്ചത് മുതല്‍ ചെയിൻ, ക്രോസ്റ്റാഫ്, തിയോഡലൈറ്റ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സര്‍വെ ചെയ്ത് സ്കെച്ചുകൾ തയ്യാറാക്കി വന്നിരുന്നത്. ആധുനിക സർവെ ഉപകരണങ്ങളായ ഇലക്ട്രോണിക്സ് ടോട്ടൽ സ്റ്റേഷൻ (ഇ.റ്റി.എസ്), ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) എന്നിവ ഉപയോഗിച്ച് ഏറ്റവും കൃത്യതയോടു കൂടിയും, കാര്യക്ഷമമായും ഭൂമി അളന്ന് തിട്ടപ്പെടുത്തി ഡിജിറ്റല്‍ സര്‍വെ റിക്കാർഡുകള്‍ തയ്യാറാക്കുന്നു. ഇത്തരത്തില്‍ സര്‍വെ ചെയ്യുന്നതിനാല്‍ ഡിജിറ്റലായും, സമയബന്ധിതമായും ഒരു വില്ലേജിന്റെ സര്‍വെ പൂർത്തീകരിക്കാൻ സാധിക്കുന്നു. ഇതിനോടനുബന്ധിച്ച് റവന്യൂ ഭരണത്തിനാവശ്യമായ രജിസ്റ്ററുകൾ തയ്യാറാക്കുന്നതിനു വേണ്ടി പ്രത്യേകം സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നു. ഒരു പ്രദേശം ആധുനിക സര്‍വെ ഉപകരണമായ ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ച് ജി.പി.എസ് സ്റ്റേഷന്റെ അക്ഷാംശ രേഖാംശ വാല്യുവിനെ ആസ്പദമാക്കി സർവെ ചെയ്യുന്നതിനാൽ വളരെയധികം കൃത്യതയും, സുതാര്യവുമായ റിക്കാർഡുകൾ ലഭിക്കുന്നു. റിക്കാർഡുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി സംസ്ഥാനത്ത് പാലക്കാട് ഒഴികെയുളള എല്ലാ ജില്ലകളിലും ജില്ലാ ഡിജിറ്റെസേഷൻ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടി സെന്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് സെൻട്രൽ ഡിജിറ്റൈസേഷൻ സെന്ററും സര്‍വെ വകുപ്പിന്റെ കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ എന്ന മിഷന്‍ മോഡ് പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.

8. ഇ-രേഖ സംബന്ധിച്ച വിവരങ്ങൾ (ഓണ്‍ലൈന്‍ സേവനങ്ങള്‍ ) എന്തെല്ലാമാണ് ?

സർവെയും ഭൂരേഖയും വകുപ്പിൽ വർഷങ്ങൾ പഴക്കമുള്ള റിക്കാർഡുകൾ ആധുനിക രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രോജക്ടാണ് ഇ-രേഖ പദ്ധതി. ഈ പദ്ധതിയിൽ സര്‍വെ റിക്കാര്‍ഡുകള്‍ പ്രിസർവേഷൻ, സ്കാനിംഗ് എന്നീ രണ്ട് പ്രക്രിയകളിലൂടെ സംരക്ഷിച്ച് വരുന്നു.

പഴയ റിക്കാർഡുകളെ fumigation, stain removal, lamination, re-binding എന്നീ പ്രക്രിയകൾ നടത്തിയാണ് പ്രിസർവേഷൻ ജോലികൾ ചെയ്യുന്നത്. ഇത്തരത്തിൽ പ്രിസർവേഷൻ ചെയ്ത റിക്കാർഡുകൾ പേജ് ക്രമത്തിൽ  സ്കാന്‍ ചെയ്തു സൂക്ഷിച്ചിട്ടുള്ളതിനാല്‍ പകർപ്പുകള്‍ ആവശ്യമുള്ള പക്ഷം സ്കാനിംഗ് ചെയ്തു സൂക്ഷിക്കുന്നവയിൽ നിന്നും പ്രിന്റൗട്ട് ആയോ, സി.ഡിയിലേക്കോ പകർപ്പ് എടുക്കുവാൻ സാധിക്കുന്നതാണ്. ഇപ്രകാരം പകര്‍പ്പ് എടുക്കാന്‍ സാധിക്കുന്നത് വഴി  റിക്കാർഡുകൾക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ഒഴിവാക്കുന്നതിനും വളരെക്കാലം സംരക്ഷിക്കുന്നതിനും സാധിക്കുന്നു. സ്കാനിംഗ് പൂർത്തിയാക്കിയ റിക്കാർഡുകൾ പ്രത്യേകമായി തയ്യാര്‍ ചെയ്തിട്ടുള്ള മോഡേണ്‍ റിക്കാര്‍ഡ് റൂമുകളിലേയ്ക്ക് മാറ്റി സൂക്ഷിക്കുന്നു.

ഡിജിറ്റൈസ് ചെയ്തിട്ടുള്ള സര്‍വെ റിക്കാര്‍ഡുകള്‍ www.erekha.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ളതും പൊതു ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന സൗജന്യമായി കാണുന്നതിനും ആവശ്യമുള്ളവയുടെ പകര്‍പ്പ് നിശ്ചിത തുക അടച്ച്  സ്വന്തമാക്കാവുന്നതാണ്.

9. സര്‍വെ വകുപ്പ് നൽകുന്ന സർവ്വെ പരിശീലന പരിപാടികൾ എന്തെല്ലാമാണ് ?

വകുപ്പിനു കീഴിൽ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ചെയിൻ സർവ്വെ സ്കൂളുകളും വകുപ്പിന്റെ നിയന്ത്രണത്തില്‍ വിവിധ ജില്ലകളിലായി 14 സ്വകാര്യ സര്‍വെ സ്കൂളുകളും നിലവിലുണ്ട്. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ടി സ്ഥാപനങ്ങളില്‍ നിന്ന് ചെയിന്‍ സര്‍വെ പരിശീലനം നേടാവുന്നതാണ്. കൂടാതെ നിശ്ചിത സാങ്കേതിക യോഗ്യതയുളളവർക്ക് മോഡേണ്‍ സർവ്വെ കോഴ്സുകളില്‍ പരിശീലന‌ം നൽകുന്നതിന് തിരുവനന്തപുരത്ത് അമ്പലമുക്കില്‍ Modern Government Research Training Centre for Survey (MGRTCS) എന്ന സ്ഥാപനവും പ്രവർത്തിച്ചു വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ചെയിന്‍ സര്‍വെ, മോഡേണ്‍ സര്‍വെ എന്നീ പരിശീലനങ്ങള്‍ക്ക് സര്‍വെയും ഭൂരേഖയും വകുപ്പ് ഡയറക്ടറേറ്റില്‍ അപേക്ഷ നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥികളെ കൂടാതെ റവന്യൂ വകുപ്പിലെ ജീവനക്കാര്‍ക്ക് ചെയിന്‍ സര്‍വെ, ഹയര്‍ സര്‍വെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലും , ഫോറസ്റ്റ് വകുപ്പിലെ ജീവനക്കാര്‍ക്ക് മോഡേണ്‍ സർവ്വെയിലും വകുപ്പില്‍ നിന്നും പരിശീലനം നല്‍കി വരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും അപേക്ഷയുടെ മാതൃകയും www. dslr.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്.

10. കൈവശ വസ്തുവിന്റെ അതിര്‍ത്തിയ്ക്ക് അനുസരിച്ചല്ല റീസര്‍വെ ചെയ്ത് റിക്കാര്‍ഡു തയ്യാറാക്കിയത് എന്നതിനാല്‍ ആധാര പ്രകാരമുളള വിസ്തീര്‍ണ്ണത്തിലും സ്കെച്ചിലും വ്യത്യാസം വന്നിരിക്കുന്നു. ആയതു പരിഹരിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ?
സര്‍വെ അതിരടയാള നിയമത്തിലെ സെക്ഷന്‍ 13 A പ്രകാര‌ം ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ക്ക് അപേക്ഷ നൽകി സ്കെച്ച്, വിസ്തീര്‍ണ്ണം എന്നിവയിലുളള വ്യത്യാസം പരിഹരിക്കാവുന്നതാണ്.
11. എനിക്ക് പട്ടയം കിട്ടിയ ഭൂമി ഞാന്‍ പോക്കുവരവു ചെയ്തു കൈവശം വച്ച് അനുഭവിക്കുന്നു. റീസര്‍വെ റിക്കാര്‍ഡു നിലവില്‍ വന്നപ്പോള്‍ ഇത് സര്‍ക്കാര്‍ ഭൂമി എന്നാണ് രേഖകളില്‍ കാണുന്നത്. ടി അപാകത പരിഹരിക്കുന്നതിനുളള എന്താണ് ചെയ്യേണ്ടത് ?
താങ്കള്‍ പട്ടയം , പട്ടയസ്കെച്ച്, പട്ടയത്തിന്റെ മഹസ്സര്‍ ഒടുക്ക്, കരം ഒടുക്കു രസീതു എന്നിവയുടെ പകര്‍പ്പ് ഉള്‍പ്പെടെ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലെ ഭൂരേഖ തഹസീല്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് പരിഹരിക്കാവുന്നതാണ്.
12. കൂട്ടവകാശപ്പെട്ട വസ്തുവില്‍പ്പെട്ട അവകാശിയില്‍ ഒരാള്‍ മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ ടി വസ്തുവില്‍ നിന്നും എനിക്കു അവകാശപ്പെട്ട വസ്തു പ്രത്യേകം തിരിച്ച് സബ് ഡിവിഷന്‍ ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത്?
മരണപ്പെട്ട വ്യക്തിയുടെ അവകാശികളും കൂട്ടവകാശപ്പെട്ട മറ്റ് അവകാശികളും ചേര്‍ന്ന് വസ്തു ഭാഗിച്ച് അതിര്‍ത്തി ഇട്ടതിനു ശേഷം ബന്ധപ്പെട്ട താലൂക്ക് ഭൂരേഖ തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കിയാല്‍ സബ് ഡിവിഷന്‍ നടപടികള്‍ താലൂക്ക് സര്‍വേയര്‍ സ്വീകരിച്ച് വില്ലേജ് റിക്കാര്‍ഡുകളില്‍ മാറ്റം വരുത്തുന്നതാണ്.
13. വില്‍പത്രപ്രകാരം സിദ്ധിച്ച വസ്തു വകകള്‍ പോക്കുവരവു ചെയ്യുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കണം ?
വില്‍പത്രം എഴുതി തന്ന വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ്, ഒറിജിനല്‍ വില്‍പത്രം, ലിസ്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി വില്ലേജ് മുഖാന്തിരം പോക്കുവരവ് ചെയ്യാവുന്നതാണ്.
14. ആധാരം രജിസ്റ്റര്‍ ചെയ്തതിനുശേഷം പോക്കുവരവു ചെയ്യുന്നതിനു മുമ്പ് ഞാന്‍ വിദേശത്ത് പോയതിനാല്‍ റീസര്‍വെയില്‍ ചേര്‍ത്തുകിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത് ?
റീസര്‍വെയ്ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത ആധാരം ആണെങ്കില്‍ താലൂക്കിലെ ഭൂരേഖ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കി പ്രശ്ന പരിഹാരം കാണാവുന്നതും, റീസര്‍വെയ്ക്കുശേഷം റീസര്‍വെ നമ്പര്‍ പ്രകാരം എഴുതിയ ആധാരം ആണെങ്കില്‍ വില്ലേജ് ഓഫീസ് മുഖാന്തിരവും പോക്കുവരവു ചെയ്യാവുന്നതാണ്.
15. കൈവശത്തിലിരിക്കുന്ന വസ്തുവിന്റെ സര്‍വെ നമ്പര്‍ ആധാരത്തിലെ സര്‍വെ നമ്പരുമായി വ്യത്യാസം കാണുന്നതിനാല്‍ പോക്കുവരവ് ചെയ്യാന്‍ കഴിയുന്നില്ല ഇതിനുള്ള പരിഹാരം എന്താണ് ?
ആധാരം എഴുതി നല്‍കിയപ്പോള്‍ സര്‍വെ നമ്പര്‍ രേഖപ്പെടുത്തിയതിലുള്ള പിശകാണെങ്കില്‍ ആധാരം എഴുതി തന്നിട്ടുള്ള വ്യക്തി കക്ഷി ചേര്‍ന്ന് സര്‍വെ നമ്പരില്‍ വന്നിട്ടുള്ള പിശക് പിഴ തിരുത്ത് ആധാരം എഴുതി പരിഹരിക്കാവുന്നതും, ആയതിന് ശേഷം വില്ലേജ് മുഖാന്തിരം പോക്ക് വരവ് ചെയ്യാവുന്നതുമാണ്.
16. രണ്ടു വ്യക്തികളുടെ പ്രത്യേകം ആധാരപ്രകാരമുള്ള വസ്തുക്കള്‍ കൂട്ടായി റീസര്‍വെ ചെയ്തിരിക്കുന്നു. പ്രത്യേകം കരം ഒടുക്കു ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ?
നിങ്ങള്‍ പ്രത്യേകം അതിര്‍ത്തി ഇട്ടതിനുശേഷം ആധാരത്തിന്റെ പകര്‍പ്പ് സഹിതം താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കി പ്രശ്ന പരിഹാരം തേടാവുന്നതാണ്.
17. മൈനര്‍ വക വസ്തുക്കള്‍ പോക്കു വരവ് ചെയ്യുന്നതിനും കൈമാറ്റം ചെയ്യുന്നതിനും എന്താണ് ചെയ്യേണ്ടത് ?
മൈനര്‍ വക വസ്തുക്കള്‍ മൈനര്‍ മേജറാകുന്ന മുറയ്ക്ക് വയസ്സ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കി വില്ലേജ് ഓഫീസ് മുഖാന്തിരം പോക്കു വരവ് ചെയ്യാവുന്നതാണ്. മൈനര്‍ വക വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിന് മൂന്നാം നമ്പര്‍ വസ്തു ആധാരത്തില്‍ പട്ടികയായി കാണിച്ചു കൊണ്ട് കൈമാറ്റം നടത്താവുന്നതാണ്.
18. ഊട്കൂറ് എന്നാല്‍ എന്താണ്? ഊട്കൂറ് വസ്തുക്കള്‍ പോക്കു വരവ് ചെയ്യുന്നതിനും വില്‍ക്കുന്നതിനും ഉള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്?
ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ക്ക് അവകാശപ്പെട്ടതും ‌‌‌ഒറ്റ അടവിലും കൂട്ടായ കൈവശത്തിലുമുള്ള വസ്തുക്കളാണ് ഊട്കൂറ് അവകാശത്തില്‍പ്പെടുന്നത്. ടി വസ്തുക്കളില്‍ എല്ലാവര്‍ക്കും തുല്യ അവകാശം ആയതിനാല്‍ ടി വസ്തുക്കള്‍ വില്‍ക്കുമ്പോള്‍ എല്ലാവരും ചേര്‍ന്ന് അവരുടെ അവകാശം എഴുതി നല്‍കണം. ഉദാഹരണം 6 പേര്‍ക്ക് 12 സെന്റിന് അവകാശം വന്നാല്‍ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ആറുപേരും ചേര്‍ന്ന് അവരുടെ ഊട്കൂറ് അവകാശം എഴുതി നല്‍കണം. കൂട്ടവകാശികളില്‍ ഒരാള്‍ ടി വസ്തു എടുക്കുന്നതെങ്കില്‍ ബാക്കി അഞ്ചുപേരും ചേര്‍ന്ന് അവരുടെ അവകാശം ഒഴിവുകുറി എഴുതി നല്‍കിയാല്‍ മതിയാകും.
19. എനിക്ക് ലാന്‍ഡ് ട്രിബൂണല്‍ പട്ടയം കിട്ടിയ വസ്തുവില്‍ വീടുവച്ച് വര്‍ഷങ്ങളായി താമസിച്ചു വരുന്നതും കരം ഒടുക്കുന്നതുമാണ്. എന്നാല്‍ റീസര്‍വെ കഴിഞ്ഞപ്പോള്‍ എന്റെ വസ്തുവിന് കരം ഒടുക്കുവാന്‍ കഴിഞ്ഞില്ല. ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ പട്ടയം ലഭിച്ച സര്‍വെ നമ്പരില്‍ വ്യത്യാസമുള്ളതിനാല്‍ ആയത് തിരുത്തി ലഭിച്ചെങ്കില്‍ മാത്രമേ പേരില്‍ ചേര്‍ക്കാന്‍ കഴിയുകയുള്ളൂ എന്ന് അറിയുന്നു. പട്ടയത്തിനൊപ്പമുള്ള മഹസറില്‍ എലുക വിവരിച്ചിരിക്കുന്ന പ്രകാരമുള്ള വസ്തു തന്നെയാണ് ഞാന്‍ കൈവശം വച്ചിരിക്കുന്നത്. പേരില്‍ ചേര്‍ത്ത് കിട്ടാന്‍ ഞാന്‍ എന്ത് ചെയ്യണം?
പട്ടയം ലഭിച്ച സര്‍വെ നമ്പരില്‍ വന്നിട്ടുള്ള ന്യൂനത പരിഹരിച്ച് കിട്ടുന്നതിന് കേരള ലാന്‍ഡ് റിഫോംസ് റൂള്‍ 136 (എ) പ്രകാരം പട്ടയം നല്‍കിയിട്ടുള്ള ലാന്‍ഡ് ട്രിബ്യൂണലില്‍ അപേക്ഷ നല്‍കി ന്യൂനത തിരുത്തി കിട്ടിയതിനു ശേഷം ബന്ധപ്പെട്ട ഭൂരേഖ തഹസില്‍ദാര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കി ബന്ധപ്പെട്ട വസ്തു പേരില്‍ ചേര്‍ക്കാവുന്നതാണ്.
20. റീസര്‍വെയ്ക്ക് മുന്‍പ് കരം ഒടുക്കി വന്ന വസ്തു റീസര്‍വെയ്ക്ക് ശേഷം പുറമ്പോക്കാക്കി റിക്കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നു. ഇത് മാറ്റം ചെയ്തു കിട്ടുമോ ?
പുറമ്പോക്ക് സ്ഥലങ്ങളുടെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം കിട്ടിയ രേഖകള്‍ റീസര്‍വെ സമയത്ത് ഹാജരാക്കാതിരുന്നാല്‍ റീസര്‍വെ റിക്കാര്‍ഡില്‍ പുറമ്പോക്ക് എന്ന് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. പട്ടയം കിട്ടിയ രേഖകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഭൂരേഖ തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കി റിക്കാര്‍ഡില്‍ മാറ്റം വരുത്താവുന്നതാണ്.
21. സ്വകാര്യ വഴി റീസര്‍വെയില്‍ നാളത് വഴി (പഞ്ചായത്ത്) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇത് പേരില്‍ ചേര്‍ത്ത് തണ്ടപ്പേര്‍ ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ?
അവകാശം തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം ഭൂരേഖ തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കുക. ടി സ്ഥലം പഞ്ചായത്തിന്റെ ആസ്തി രേഖകളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും പേരില്‍ ചേര്‍ത്ത് കൊടുക്കുന്നതിന് ആക്ഷേപമില്ലെന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ച് ബോദ്ധ്യപ്പെട്ട് ഭൂരേഖ തഹസീല്‍ദാര്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നതാണ്.
22. അതിര്‍ത്തിക്കല്ലുകള്‍ നഷ്ടപ്പെട്ട് പോയാലോ, എതിര്‍ കക്ഷികള്‍ എന്റെ പുരയിടം കയ്യേറി മതില്‍ കെട്ടാനോ ശ്രമിക്കുകയോ ചെയ്താല്‍ യഥാര്‍ത്ഥ കല്ലിന്റെ സ്ഥാനം നിര്‍ണയിച്ച് എന്റെ വസ്തുവിന്റെ അതിര്‍ത്തി പുന:നിര്‍ണ്ണയം ചെയ്ത് ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ?
കേരള സര്‍വ്വെ അതിരടയാള നിയമ പ്രകാരം സര്‍വ്വെ അതിര്‍ത്തികള്‍ കാണിച്ചു തരുന്നത് ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയറുടെ കടമയാണ്. ആയതിന് പത്താം നമ്പര്‍ ഫാറത്തില്‍ ബന്ധപ്പെട്ട ഭൂരേഖ തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കി ഫീസ് ഒടുക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയര്‍ അപേക്ഷകന്റെ അതിര്‍ത്തി പങ്കിടുന്ന എല്ലാ ഭൂവുടമകള്‍ക്കും നോട്ടീസ് നല്‍കി സ്ഥലം അളന്ന് അതിര്‍ത്തി നിര്‍ണ്ണയിച്ചു നല്‍കുന്നു. ഈ നടപടിയില്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ മൂന്ന് മാസത്തിനകം ബന്ധപ്പെട്ട ജില്ലാ സര്‍വ്വെ സൂപ്രണ്ടിന് അപ്പീല്‍ നല്‍കി പരിഹാരം തേടാവുന്നതാണ്. അതിര്‍ത്തി നിര്‍ണ്ണയത്തില്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ടിന്റെ തീരുമാനം അന്തിമമായിരിക്കും. തുടര്‍ന്ന് ആക്ഷേപം ഉള്ള പക്ഷം സിവില്‍ കോടതിയെ സമീപിക്കാവുന്നതാണ്.